
കോഴിക്കോട്: ഇ.ഡിയുടെ ലക്ഷ്യം പിണറായി വിജയനും പാർട്ടിയുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചു. ഇ.ഡി രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ്. മാസപ്പടി കേസുമായി ബന്ധപ്പെട്ട റെയ്ഡിൽ ഭയന്ന് ഇ.ഡിക്ക് കീഴടങ്ങാൻ സി.പി.എം തയ്യാറല്ല. 'ഇ.ഡിയുടെ രാഷ്ട്രീയം' എന്ന പേരിൽ സി.പി.എം സംഘടിപ്പിച്ച വിശദീകരണ യോഗം കോഴിക്കോട് മുതലക്കുളം മെെതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വീണാ വിജയന്റെ എക്സാലോജിക്കുമായി ബന്ധപ്പെട്ട കേസ് നിയമപരമായി കൈകാര്യം ചെയ്യട്ടെയെന്നാണ് പാർട്ടി തുടക്കം മുതലേ തീരുമാനമെടുത്തത്. പാർട്ടി നേതാക്കളായ പി.എ. മുഹമ്മദ് റിയാസ്, പി.നിഖിൽ തുടങ്ങിയവരെയും പ്രവർത്തകരെയും കേസുകളിലും റെയ്ഡുകളിലും ഉൾപ്പെടുത്തി ഭീഷണിപ്പെടുത്തിയതോടെയാണ് പാർട്ടി ഇടപെട്ടത്.
സി.പി.എമ്മിനെ തകർത്ത് ബി.ജെ.പിയിലേക്ക് ആളെ കൂട്ടാനാണ് ഇ.ഡി കളിക്കുന്നത്. അതാണ് നേതാക്കളെ ലക്ഷ്യംവയ്ക്കുന്നത്.
അതിന് സി.പി.എം കീഴടങ്ങില്ല. ബംഗാളിലും അസാമിലും നടന്നത് കേരളത്തിൽ നടക്കില്ല. ബി.ജെ.പിയെ എതിർത്ത് പറയുന്ന പ്രതിപക്ഷത്തുള്ളവരെയെല്ലാം കേസിൽ കുടുക്കുന്നു. എന്നാൽ ബി.ജെ.പിയിലേക്ക് മാറിയാൽ കേസില്ലാതാകുന്നു. ബി.ജെ.പി നേതാക്കൾ പ്രതികളായ കൊടകര കുഴൽപ്പണ കേസിൽ പോലും ഇ.ഡി അന്വേഷണമില്ല. നിയമനടപടികളെ നിയമപരമായി നേരിടും. രാഷ്ട്രീയമായി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും.
'വിചിത്രമായ കാര്യങ്ങൾ'
കോഴിക്കോട്ട് 9 ഇടങ്ങളിൽ റെയ്ഡ് നടത്തി. എന്താണ് ഇ.ഡി കണ്ടെത്തിയതെന്ന് എം.വി. ഗോവിന്ദൻ ചോദിച്ചു. വിചിത്രമായ കാര്യങ്ങളാണ് ഇ.ഡി ചെയ്യുന്നത്. ഒരു തെളിവുമില്ലാത്ത കാര്യങ്ങളെ വക്രീകരിച്ചും വിശദീകരിച്ചും എന്തോ വലിയ തെളിവ് കിട്ടിയെന്ന രീതിയിൽ പ്രചരിപ്പിക്കുന്നു. പത്രക്കുറിപ്പിറക്കി സംശയമുനയിൽ നിറുത്തുന്നു. അന്വേഷണ ഏജൻസി കണ്ടെത്തിയ കാര്യങ്ങൾ അന്തിമമായി തീരുമാനിക്കേണ്ടത് കോടതിയാണ്. മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്.
കർണാടക മുഖ്യമന്ത്രി ശിവകുമാറിനെ നിരവധി ദിവസം ജയിലിൽ കിടത്തി. രാഹുൽ ഗാന്ധി, സോണിയാഗാന്ധി തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസുണ്ട്. അവർ കീഴടങ്ങാൻ തയ്യാറായില്ല. കീഴടങ്ങിയാൽ കേസ് അവസാനിപ്പിക്കുന്നതാണ് രീതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |